മന്ത്രിമാർ അടിയന്തര യോഗം ചേർന്നു. വനപാലകരുടെ 2 പ്രത്യേക സംഘങ്ങള്‍ കൂടി ഇടുക്കിയിലേക്ക്..

Idukki News

മന്ത്രിമാർ അടിയന്തര യോഗം ചേർന്നു. വനപാലകരുടെ 2 പ്രത്യേക സംഘങ്ങള്‍ കൂടി ഇടുക്കിയിലേക്ക്..

ജനവാസ മേഖലയില്‍ നിന്ന് വന്യജീവികളെ ഒഴിവാക്കുന്നതിന്റെ തുടക്കമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: ജനവാസ മേഖലകളില്‍ ഇറങ്ങിയിരിക്കുന്ന വന്യജീവികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി രണ്ടു പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി സ്‌കൂള്‍ സിറ്റി, കൊന്നയ്ക്കാമാലി, വാത്തിക്കുടി, ജോസ് പുരം, ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളക്കല്ല്, പുഷ്പഗിരി തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസ മേഖലകളില്‍ വന്യജീവികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ മന്ത്രിതല യോഗത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ വനം മന്ത്രി നിര്‍ദേശം നല്‍കിയത്. 

വാത്തിക്കുടിയില്‍ വന്യജീവികളെ കണ്ടെത്തിയ പ്രദേശത്ത് എത്രയും വേഗം കൂട് സ്ഥാപിക്കാനും വനം മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പട്രോളിങും നിരീക്ഷണവും ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിനുള്ള നടപടികള്‍ ഇന്നു മുതല്‍ ആരംഭിക്കുമെന്നും വനം മന്ത്രി ഉറപ്പു നല്‍കി. വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ മറ്റു ജനവാസ മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. 

ജനവാസ മേഖലകളില്‍ നിന്ന് വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് ഇതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് പ്രധാനം. ആവശ്യമെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രദേശത്ത് വന്യജീവികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മുരിക്കാശേരിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ കക്ഷി യോഗത്തില്‍ നിരീക്ഷണത്തിനായി കൂടുതല്‍ കാമറകള്‍ സ്ഥാപിക്കാനും പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചിരുന്നു. തുടര്‍ന്നും വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വനം മന്ത്രിയുമായി ചര്‍ച്ച നടത്തിയതും പ്രശ്‌ന പരിഹാരത്തിനായി അടിയന്തര നടപടികള്‍ സ്വീകരിച്ചതും. 

വനം മന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കു പുറമേ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് നോയല്‍ തോമസ്, വനം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.എസ്. മധുസൂദനന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.