ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ..

News

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ..

◾പ്രതിപക്ഷ ഭരണമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ റെയ്ഡുമായി കേന്ദ്ര ഏജന്‍സികള്‍. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംപിയെയും ന്യൂസ് ക്ലിക്ക് എഡിറ്ററേയും അറസ്റ്റു ചെയ്തതിനു പിറകേ, പശ്ചിമ ബംഗാളിലും കര്‍ണാടകത്തിലും എന്‍ഫോഴ്സ്മെന്റും തെലുങ്കാനയിലും തമിഴ്നാട്ടിലും ആദായനികുതി വകുപ്പുമാണ് റെയ്ഡ് നടത്തിയത്. 

◾ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ തെളിവുണ്ടോയെന്ന് എന്‍ഫോഴ്സ്മെന്റിനോടു സുപ്രീം കോടതി. സിസോദിയ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ചോദ്യം. മലയാളി വ്യവസായി വിജയ് നായരാണ് പ്രധാന ഇടപാടുകള്‍ നടത്തിയതെങ്കില്‍ എങ്ങനെ സിസോദിയ പ്രതിയാകും? കോടതി ചോദിച്ചു.

◾സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ ജോണ്‍ ഫോസെയ്ക്ക്. നാടകം, നോവല്‍, കവിത, ലേഖനം, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ സാഹിത്യ ശാഖകള്‍ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. എഴുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച ജോണ്‍ ഫോസെയുടെ രചനകള്‍ മാനവികതയുടെ  സന്ദേശമുള്ളവയാണ്.

ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്

തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.

◾അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളില്‍ നവബര്‍ ഒന്നു മുതല്‍ സൗജന്യ യാത്ര. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

◾എറണാകുളം മുനമ്പത്തിനടുത്ത് ഫൈബര്‍ വള്ളം മുങ്ങി നാലു പേരെ കാണാതായി. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. മീന്‍ ശേഖരിക്കാന്‍ പോയ ചെറുബോട്ടാണ് മുങ്ങിയത്. ആനന്ദന്‍, മണികണ്ഠന്‍, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

◾സര്‍ക്കാരിനെതിരെ മേഖലാജാഥകളും കേരളയാത്രയും നടത്താന്‍ കെപിസിസി നേതൃയോഗം തീരുമാനിച്ചു. പത്രസമ്മേളനങ്ങളില്‍പോലും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അണികള്‍ക്കു നല്ല സന്ദേശമാണു നല്‍കേണ്ടതെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി വിമര്‍ശിച്ചു. പാര്‍ട്ടി പുനഃസംഘടന തന്നിഷ്ടക്കാരെ നിയമിക്കാനുള്ള അവസരമായി കാണേണ്ടെന്ന് കെ സി വേണുഗോപാലും മുന്നറിയിപ്പു നല്‍കി.

കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455

◾സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു.

◾കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് അര്‍ധരാത്രി വരെ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു മുന്നറിയിപ്പ്.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ കണ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകള്‍ അപൂര്‍ണമെന്നാണ് ഇഡിയുടെ നിലപാട്. തൃശൂര്‍ സഹകരണ ബാങ്കിലെ അക്കൗണ്ട് വിവരങ്ങള്‍ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക സഹിതം വീണ്ടും നോട്ടീസ് നല്‍കുമെന്ന് ഇഡി.

◾അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പട്ടികയില്‍ അനര്‍ഹരെ ഉള്‍പെടുത്തിയത് ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ക്കോട് ജില്ലയിലെ പട്ടികയില്‍ നാനൂറിലേറെ അനര്‍ഹരെയാണ് കണ്ടെത്തിയത്. തുടര്‍ പരിശോധനയും നടപടികളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ചെറുവണ്ണൂരില്‍ ഉദ്യോഗസ്ഥരുടെ മേഖലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

◾ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിയുടെ ഓഫീസില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പുകളും ഫോണുകളും അടക്കമുള്ള എല്ലാ ഉപകരണങ്ങളും ഒരാഴ്ചയ്ക്കകം വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി. പട്ടിക ജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം പി.വി ശ്രീനിജന്റെ പരാതിയില്‍ എടുത്ത കേസ് മൊഴികളുടെ അടിസ്ഥാനത്തിലാണ് തെളിയിക്കേണ്ടതെന്നു കോടതി പൊലീസിനു നിര്‍ദേശം നല്‍കി.

◾ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ ലെനിന്‍ രാജ് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ലെനിന്‍ രാജ് ഹര്‍ജി നല്‍കിയത്.

◾കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ മാലിന്യം ഓടയിലേക്ക് ഒഴുക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. കനാലുകള്‍ എത്രയും പെട്ടെന്ന് വൃത്തിയാക്കാന്‍ റെയില്‍വേക്കു കോടതി നിര്‍ദ്ദേശം നല്‍കി.

◾കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ സമാപനം ഞായറാഴ്ച നടത്തേണ്ടെന്നു തീരുമാനിച്ചു. ശനിയാഴ്ചതന്നെ മത്സരങ്ങള്‍ സമാപിക്കും. വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായി മേള നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തലശേരി അതിരൂപതയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം തിരുത്തിയത്.

◾രാത്രി ആഭിചാരക്രീയകളും പൂജകളും നടത്തുന്നതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ വനിതാ പൊലീസ് ഇന്‍സ്പെക്ടറെ ആക്രമിച്ച മൂന്നു സ്ത്രീകള്‍ക്ക് ഏഴു വര്‍ഷം തടവുശിക്ഷ. ആലപ്പുഴ പാലമേല്‍ ഉളവുക്കാട് വന്‍മേലിത്തറ വീട്ടില്‍ ആതിര (20), അമ്മ ശോഭന (44) ശോഭനയുടെ സഹോദരി രോഹിണി (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ പരാതി അന്വേഷിക്കാന്‍ എത്തിയ ആലപ്പുഴ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ മീനാകുമാരിയെയാണ് ആക്രമിച്ചത്.

◾സിനിമകളുടെ റിലീസിംഗ് ദിനത്തില്‍ തിയറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. ഇന്നു റിലീസ് ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' എന്ന സിനിമയുടെ സംവിധായകന്‍ മുബീന്‍ റൗഫാണ് കോടതിയെ സമീപിച്ചത്.

◾തിരുവനന്തപുരം നഴ്സിംഗ് കോളജില്‍ പ്രിന്‍സിപ്പലും എസ്.എഫ്.ഐയും തമ്മില്‍ വാക്കേറ്റം. നിന്നെയൊക്കെ അടിച്ചു ഷേപ്പു മാറ്റുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് എസ്എഫ്ഐ. വനിതാ ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്നുമുള്ള എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആവശ്യം പ്രിന്‍സിപ്പല്‍ നിരസിച്ചതോടെ വാക്കേറ്റമായി.  എസ്എഫ്ഐ പ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചു. പ്രിന്‍സിപ്പലിനെതിരേ നടപടിക്കു സാധ്യത.

◾പീഡനക്കേസില്‍ ടെലിവിഷന്‍ താരം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ ഷിയാസിനെ അറസ്റ്റു ചെയ്തതിനു പിറകേയാണ് ജാമ്യം അനുവദിച്ചത്.

◾ഇടുക്കി രാജാക്കാട്ട് 14 കാരിയെ ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി. ഇടുക്കി അതിവേഗ കോടതിയാണു ശിക്ഷ വിധിച്ചത്.

◾തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലിക്കു സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി. മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമങ്ങളില്‍ മാറ്റം വരുത്തിയാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. വനംവകുപ്പില്‍ സംവരണം ബാധകമല്ല.

◾ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കു പരിഹരിക്കാന്‍ 190 കിലോമീറ്റര്‍ ടണല്‍ റോഡ് നിര്‍മിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. എവിടം മുതല്‍ എവിടംവരെ പാത നിര്‍മിക്കണമെന്നും എത്രവരി പാത വേണമെന്നും പഠിക്കാനും പാത നിര്‍മിക്കാനും അടിയന്തര നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾കരാറുകാരന്‍ കമ്മീഷന്‍ നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി എംഎല്‍എയുടെ സഹായി റോഡ് കുത്തിപ്പൊളിച്ച സംഭവത്തില്‍ കുറ്റക്കാരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിനെയും ബദൗണിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അര കിലോമീറ്റര്‍ ദൂരമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചത്. കത്രയിലെ ബിജെപി എംഎല്‍എ വീര്‍ വിക്രം സിംഗിന്റെ സഹായി ഉള്‍പെടെ 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

◾ഷൂട്ടിങ് താരം താരാ ഷാഹ്ദേവിനെ  മതപരിവര്‍ത്തനം ചെയ്തെന്ന കേസില്‍ മുന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും അടക്കം മൂന്നു പേര്‍ക്കു ശിക്ഷ. രഞ്ജിത് കോഹ്ലി എന്ന റാഖിബ് ഉള്‍ ഹസന് ജീവപര്യന്തം തടവും അമ്മ കൗസര്‍ റാണിക്കു പത്തു വര്‍ഷത്തെ തടവുമാണ് ശിക്ഷിച്ചത്. മറ്റൊരു പ്രതിയായ അന്നത്തെ ഹൈക്കോടതി രജിസ്ട്രാര്‍ മുസ്താഖ് അഹമ്മദിനെ ഗൂഢാലോചനക്കുറ്റത്തിന് 15 വര്‍ഷം തടവിനും ശിക്ഷിച്ചു.

◾പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ കാലിഫോര്‍ണിയക്കാരനായ 34 കാരന് 690 വര്‍ഷം തടവു ശിക്ഷ. കോസ്റ്റാ മെസ സ്വദേശിയായ മാത്യു അന്റോണിയോ ഷഷ്‌ഷ്വെസ്‌ക്കിക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.

◾യുക്രെയിനിലെ കാര്‍കീവിലുണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലേക്കാണു റഷ്യ മിസൈല്‍ തൊടുത്തത്.

◾ഏഷ്യന്‍ ഗെയിംസ് 12 ദിനം പിന്നിട്ടപ്പോള്‍ ഇന്ത്യക്ക് 86 മെഡല്‍. പന്ത്രണ്ടാം ദിനമായ ഇന്നലെ മൂന്ന് സ്വര്‍ണം നേടിയിരുന്നു. സ്‌ക്വാഷ് പുരുഷവിഭാഗത്തിലും മിക്സഡ് ഡബിള്‍സിലും സ്വര്‍ണം നേടിയ ഇന്ത്യ അമ്പെയ്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തിലും സ്വര്‍ണം നേടിയിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സ് സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ 53 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ അന്തിം പംഗല്‍ വെങ്കലം നേടി. ഇതോടെ 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം ആകെ 86 ആയി.

◾ലോകകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലാന്‍ഡ് ഒന്‍പത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 77 റണ്‍സ് നേടിയ ജോറൂട്ടിന്റെ പിന്‍ബലത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് വെറും 36.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 121 പന്തില്‍ 152 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വേയുടേയും 96 പന്തില്‍ 123 റണ്‍സെടുത്ത യുവതാരം രചിന്‍ രവീന്ദ്രയുടേയും 273 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ന്യൂസിലാന്‍ഡിന് വിജയം അനായാസമാക്കിയത്.

◾മുകേഷ് അംബാനിയുടെ റിലയന്‍സ് റീറ്റെയ്‌ലിനു കിഴിലുള്ള റിലയന്‍സ് ബ്രാന്‍ഡ്സ് യു.കെ ആസ്ഥാനമായ സൂപ്പര്‍ഡ്രൈയുമായി സംയുക്ത സംരംഭത്തിന് കരാര്‍ ഒപ്പുവച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സൂപ്പര്‍ഡ്രൈയുടെ ഉടമസ്ഥാവകാശം സംയുക്ത സംരംഭം ഏറ്റെടുക്കും. പുതിയ സംരംഭത്തില്‍ റിലയന്‍സ് ബ്രാന്‍ഡ്സ് യു.കെ, സൂപ്പര്‍ഡ്രൈ എന്നിവയ്ക്ക് യഥാക്രമം 76%, 24% ഓഹരികള്‍ ഉണ്ടായിരിക്കും. ഏകദേശം 400 കോടി രൂപയ്ക്കാണ് (4 കോടി പൗണ്ട്) റിലയന്‍സ് ബ്രാന്‍ഡ്സ് ഓഹരി സ്വന്തമാക്കുന്നത്. റിലയന്‍സ് ബ്രാന്‍ഡ്സ് 2012ല്‍ സൂപ്പര്‍ഡ്രൈയുമായി ദീര്‍ഘകാല ഫ്രാഞ്ചൈസി കരാര്‍ ഒപ്പിടുകയും ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സൂപ്പര്‍ഡ്രൈയുടെ ബ്രിട്ടീഷ് പൈതൃകം, അമേരിക്കന്‍ സ്‌റ്റൈലിംഗ്, ജാപ്പനീസ് ഗ്രാഫിക്‌സ് എന്നിവയുടെ അതുല്യമായ സംയോജനം യുവ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇടം നേടിയിട്ടുണ്ട്. 50 നഗരങ്ങളിലായി 200 വില്‍പ്പന കേന്ദ്രങ്ങളിലേക്ക് ബ്രാന്‍ഡ് അതിവേഗം വികസിച്ചു. ഇ-കൊമേഴ്സിലൂടെ 2,300 ഇന്ത്യന്‍ നഗരങ്ങള്‍ക്കപ്പുറത്തേക്ക് ബ്രാന്‍ഡ് വളര്‍ച്ച പ്രാപിച്ചിട്ടുണ്ട്. ഷൂ, ആക്‌സസറികള്‍ എന്നിവ കൂടാതെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ടി-ഷര്‍ട്ടുകള്‍, ഷര്‍ട്ടുകള്‍ എന്നിവയാണ് സൂപ്പര്‍ഡ്രൈയുടെ ഉത്പ്പന്നങ്ങള്‍. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയാണ് 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച ആര്‍.ബി.എല്‍.

◾വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ലിയോ'യുടെ തീപ്പൊരി ട്രെയിലര്‍ എത്തി. ദളപതിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമായിരിക്കും ലിയോ എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. വെറും അഞ്ച് മിനിറ്റു കൊണ്ട് ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം ആളുകളാണ്. ലിയോ ദാസ് എന്ന കഥാപാത്രമായി വിജയ് എത്തുന്നു. ആന്റണി ദാസ്, ഹരോള്‍ഡ് ദാസ് എന്നിവരായി സഞ്ജയ് ദത്തും അര്‍ജുനും വരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ് റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. കേരളത്തില്‍ ഇതുവരെ കാണാത്ത തിയറ്റര്‍ റിലീസും പ്രൊമോഷന്‍ പരിപാടികളുമാണ് ഒക്ടോബര്‍ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്. ദളപതി വിജയ്യോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്.

◾2024ലെ ഏറ്റവും ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നെന്നു വിശേഷിപ്പിക്കാവുന്ന ജൂനിയര്‍ എന്‍ടിആറിന്റെ 'ദേവര' പ്രഖ്യാപനം മുതലേ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന, താരപ്രകടനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഈ ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തു വരുക എന്നാണ് പുതിയ വാര്‍ത്തകള്‍. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ദേവരയുടെ ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് പുറത്തിറങ്ങും എന്നാണ് പുതിയ വാര്‍ത്ത. അതേസമയം രണ്ടാം ഭാഗത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്നതിനെക്കുറിച്ച് സൂചനകളൊന്നും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ചിത്രത്തില്‍ ബോളിവുഡ് താരം സൈഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആര്‍ട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ചിത്രത്തിലെ നായികയായ ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

◾എല്ലാ മോഡലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഹ്യൂണ്ടായ് ഇന്ത്യ. ഇതോടെ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ വാഹന കമ്പനി കൂടിയാവും ഹ്യൂണ്ടായ്. ദക്ഷിണ കൊറിയന്‍ ഓട്ടോ ഭീമന്റെ ഇന്ത്യന്‍ വിഭാഗം ആകെ 13 മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്-- ഗ്രാന്‍ഡ് ഐ10 നിയോസ്, ഐ20, ഐ20 എന്‍-ലൈന്‍, ഓറ, എക്സ്റ്റര്‍, വെന്യു, വെന്യു എന്‍-ലൈന്‍, വെര്‍ണ, ക്രെറ്റ, അല്‍കാസര്‍, ടുക്‌സണ്‍, കോന ഇലക്ട്രിക്, അയോണിക് 5 എന്നിവയാണിത്. സെപ്റ്റംബറില്‍ മൊത്തം 71,641 യൂണിറ്റുകളാണ് ഹ്യൂണ്ടായ് വിറ്റത്, ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും സംയോജിപ്പിക്കുമ്പോള്‍ കമ്പനിയുടെ വില്‍പനയില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ അളവ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ വിറ്റ 63,201 യൂണിറ്റുകളില്‍ നിന്ന് 13.35 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത് രേഖപ്പെടുത്തിയത്. സെപ്റ്റംബറില്‍ 54,241 യൂണിറ്റുകള്‍ വിറ്റഴിച്ച കമ്പനിയുടെ ആഭ്യന്തര വിപണിയിലെ പ്രകടനം പ്രത്യേകിച്ചും ശ്രദ്ധേയമാണ്. 49,700 യൂണിറ്റ് വിറ്റഴിച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.13 ശതമാനം വളര്‍ച്ചയാണ് നേടിയത്. സെപ്റ്റംബറില്‍, കമ്പനി 17,400 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ഇത് 28.87 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കമ്പനി 13,501 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.

◾അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണക്കുടത്തെയും ഭരണാധികാരികളെയും എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. 'നവാബ് രാജേന്ദ്രന്‍ - ഒരു മനുഷ്യാവകാശപ്പോരാട്ടത്തിന്റെ ചരിത്രം'. രണ്ടാം പതിപ്പ്. കമല്‍ റാം സജീവ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 475 രൂപ.

◾നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയില്‍ പോഷകങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍, ലയിക്കുന്ന നാരുകള്‍ എന്നിവ ആരോഗ്യകരമായ അളവില്‍ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി അടങ്ങിയ ഭക്ഷണമായതിനാല്‍ ഭാരം കുറക്കാനും വെള്ളരിക്ക സഹായകരമാണ്. വെള്ളരിക്കയില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍, വെള്ളരിക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെള്ളരിക്ക കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുന്നത്, കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം മാറാന്‍ സഹായകരമാണ്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്നപോല്‍ കൂടുതലായി വെള്ളരിക്ക കഴിക്കുന്നതും അത്ര നല്ലതല്ല. സൈനസൈറ്റിസ് ഉള്ളവര്‍ വെള്ളരിക്ക ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വെള്ളരിക്കയില്‍ തണുപ്പിക്കാനുള്ള കഴിവ് അഥവാ കൂളിങ് എഫക്ട് ഉണ്ട്. അതിനാല്‍ സൈനസൈറ്റിസ് ബാധിച്ച ആളുകള്‍ ഇത് കഴിച്ചാല്‍ അവരുടെ പ്രശ്നം വര്‍ദ്ധിക്കാനിടയുണ്ട്. ഗര്‍ഭിണികള്‍ വെള്ളരിക്ക കഴിക്കുന്നത് ഉത്തമമാണെങ്കിലും വെള്ളരിക്കയുടെ അമിത ഉപയോഗം ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ കാരണമാകും. കാരണം വെള്ളരിക്കയില്‍ വെള്ളത്തിന്റെ അളവ് വളരെ കൂടുതലാണ്.

ശുഭദിനം

കവിത കണ്ണന്‍

ഡിഗ്രി പൂര്‍ത്തിയായതിനു ശേഷം നാട്ടില്‍ ജോലിയൊന്നും കിട്ടാതായപ്പോള്‍ അയാള്‍ വിദേശത്തേക്ക് പോയി. അവിടെ മൃഗശാലയില്‍ അഭിമുഖത്തിന് എത്തിയ അയാളോട് മാനേജര്‍ പറഞ്ഞു : ഇവിടെ ഒരുപാട് കാണികളെ ആകര്‍ഷിച്ചിരുന്ന ഒരു ഗോറില്ല ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച അത് ചത്തു. നിനക്കതിന്റെ വേഷം കെട്ടാമോ? നല്ല ശമ്പളം തരാം. അയാള്‍ സമ്മതിച്ചു : ആദ്യദിവസം ഗോറില്ല വേഷമണിഞ്ഞു അയാള്‍ കൂടിനകത്തു നന്നായി ചാടി കളിച്ചു. അടുത്ത ദിവസം അറിയാതെ അയാള്‍ സിംഹക്കൂട്ടില്‍ കയറിപ്പോയി. സിംഹത്തിന്റെ അലര്‍ച്ച കേട്ട അയാള്‍ ഗോറില്ല വേഷം മറന്നു അലറി കരഞ്ഞു. അയാളുടെ വായ പൊത്തിപ്പിടിച്ചു മുഖംമൂടി മാറ്റിയ സിംഹം പറഞ്ഞു : എടാ നീ ഓളിയിടേണ്ട. ഞാന്‍ നിന്റെ സഹപാഠിയാണ്. ഇവിടെ മറ്റൊരു ജോലിയും കിട്ടാത്തത് കൊണ്ട് ഈ വേഷം ഇട്ടതാണ്. തൊട്ടടുത്ത കുളത്തിലെ മുതലയെ ചൂണ്ടി കാണിച്ചു അയാള്‍ പറഞ്ഞു : അത് നമ്മുടെ ക്ലാസ്സ് ലീഡര്‍ ആണ്. ഒന്നുകില്‍ സ്വന്തം വിധി സ്വയം തീരുമാനിക്കണം. അല്ലെങ്കില്‍ എവിടെനിന്നോ വരുന്ന വിധിയെ വരവേല്‍ക്കണം. സ്വന്തം വിധി നിര്‍ണയിക്കാന്‍ അറിയുന്നവര്‍ക്ക് സ്വന്തമായ ജീവിത തിരക്കഥയുണ്ടാകും. ഇടക്ക് മാറ്റിയെഴുതേണ്ടി വന്നാലും തീരുമാനിച്ചുറച്ചിടത്തു തന്നെ എത്തിച്ചേരും. എത്ര പിഴുതെറിയപ്പെട്ടാലും വീണിടത്തു കിടന്നു വേരുപിടിക്കും. ഒരു തിരഞ്ഞെടുപ്പും സാധ്യമല്ലാതെ ജീവിക്കുന്നവരുണ്ട്. വന്നു ചേരുന്നവയെ വിധിയായി അംഗീകരിച്ചു ജീവിച്ചു തീര്‍ക്കുന്നവര്‍. ചില വേഷങ്ങള്‍ ആടാന്‍ വിധിക്കപ്പെട്ടാല്‍ അതങ്ങു തകര്‍ത്താടണം. അത് പിന്‍വലിഞ്ഞു നില്‍ക്കുന്നവര്‍ക്ക് ഒരു സന്ദേശവും കുതിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഒരു ഉത്തേജനവുമാണ്. - ശുഭദിനം.