കുളമാവ് ജലാശയത്തിൽ നാവികസേനയുടെ പുതിയ പരീക്ഷണക്കപ്പൽ.
Idukki News
ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ നാവികസേനയുടെ പുതിയ പരീക്ഷണക്കപ്പൽ. ഇന്ത്യയിൽ ഇത്തരത്തിൽ ആദ്യത്തേതാണ് ഈ കപ്പൽ. നാവിക സേനയുടെ ഗവേഷണങ്ങൾക്കായാണ് കപ്പലിന്റെ ഈ ചെറുപതിപ്പ് നാവിക സേന നിർമിച്ചത്. വെള്ളത്തിനടിയിലെ വസ്തുക്കളുടെ ശബ്ദതരംഗങ്ങൾ വിശകലനം ചെയ്യാനുള്ള അത്യാധുനിക സംവിധാനമാണ് ഇവിടെ സജ്ജമാക്കിയത്. അണക്കെട്ടിലിറക്കി ഗവേഷണം നടത്താൻ കഴിയുന്ന വലിയ പരീക്ഷണക്കപ്പലിന്റെ ചെറിയ പതിപ്പാണ് ഇവിടെ നിർമിച്ചത്. കുളമാവിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിലാണ് സബ്മേഴ്സിബിൾ പ്ലാറ്റ്ഫോം ഫോർ അക്ക്വസ്റ്റിക് കാരക്ടറൈസേഷൻ ആൻഡ് ഇവാലുവേഷൻ ഒരുക്കിയിരിക്കുന്നത്. 60 മീറ്റർ നീളവും 22 മീറ്റർ വീതിയുമാണ് ഇതിനുള്ളത്. ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാറ്റ്ഫോമും അന്തർവാഹിനിപോലെ വെള്ളത്തിൽ താഴ്ന്നുകിടക്കുന്ന മറ്റൊന്നുമാണ് കപ്പലിലെ പ്രധാന സജ്ജീകരണങ്ങൾ. നൂറ് മീറ്റർ ആഴത്തിൽ താഴ്ന്നുകിടക്കാൻ ഈ അന്തർവാഹിനി പ്ലാറ്റ്ഫോമിന് കഴിയും.
കുളമാവിലെ നേവൽ പരീക്ഷണക്കപ്പലിന്റെ പ്രവർത്തനോദ്ഘാടനം ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി. കാമത്ത് നിർവഹിച്ചു. നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, ഹെലികോപ്റ്ററുകൾ എന്നിവയിലെ പുതിയ സോണാർ സംവിധാനത്തിന്റെ ഗവേഷണങ്ങൾക്കായാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പരീക്ഷണക്കപ്പലിന്റെ ഭാഗങ്ങൾ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നു. സോണാർ സംവിധാനത്തിലെ സെൻസറുകളുടെ ദ്രുതവിന്യാസത്തിനും അവ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പരീക്ഷണങ്ങൾക്കാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.