കാനഡയിൽ നാടൻ വാറ്റ് അവതരിപ്പിച്ചു മലയാളി യുവാക്കൾ..

Kerala News

കാനഡയിൽ നാടൻ വാറ്റ് അവതരിപ്പിച്ചു മലയാളി യുവാക്കൾ..

കൊച്ചി ∙ കേരളത്തിലെ നാടൻ വാറ്റിന്റെ കൂട്ടിൽ പൊടിക്കൈകൾ പരീക്ഷിച്ചുള്ള ‘വിദേശ നാടൻ മദ്യം’ കാനഡയിൽ അവതരിപ്പിച്ച് മലയാളി യുവാക്കൾ. കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാർ എന്നിവരാണ് കടുവ എന്നർഥം വരുന്ന ‘ടൈക’ ബ്രാൻഡിൽ കേരളത്തിന്റെ ‘നാടനെ’ കാനഡയിലെ കുപ്പിയിലാക്കിയത്. ടൈക എന്ന പേരിനൊപ്പം ആർട്ടിസനൽ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ എന്നു മലയാളത്തിലും ചേർത്താണു ലേബലിങ്. കുപ്പിയുടെ മറുപുറത്തെ ലേബലിൽ കേരളത്തിന്റെ മലനിരകളും ആനയും പഴയ കെഎസ്ആർടിസി ബസും തെങ്ങുമെല്ലാം ഇടംപിടിക്കുന്നു. 750 മില്ലി കുപ്പിയിലാക്കി കാനഡയിലെ ഒന്റാരിയോയിലുള്ള ഡിസ്റ്റിലറി വഴിയും ഓൺലൈനായുമായാണു നിലവിൽ വിൽപന.

വർഷങ്ങൾക്കു മുൻപാണ് സജീഷും അജിത്തും കാനഡയിൽ‌ എത്തിയത്. ഷെഫ് എന്ന നിലയിൽ സജീഷിന്റെ അനുഭവസമ്പത്തും സംരംഭകനും ഐടി പ്രഫഷനലുമായ അജിത്തിന്റെ ബിസിനസ് പരിചയവുമാണ് ‘ടൈക’ അവതരിപ്പിക്കാൻ ഇവർക്കു ധൈര്യം നൽകിയത്. നാട്ടിൽ മുത്തച്ഛൻ പറഞ്ഞിരുന്ന വാറ്റുചാരായത്തിന്റെ കൂട്ട് കണ്ടെത്തി സജീഷാണ് കോവിഡ് കാലത്തു കാനഡയിൽ പരീക്ഷണത്തിനു തുടക്കമിട്ടത്. കേരളത്തിന്റെ രുചിക്കൂട്ടുകൾ കൂടാതെ ഈന്തപ്പഴം, വിവിധ പഴവർഗങ്ങൾ, സുഗന്ധവ്യ‍‍ഞ്ജനങ്ങൾ, ശർക്കര എന്നിവയെല്ലാം പരീക്ഷണത്തിൽ ഇടംപിടിച്ചു. കാനഡയിൽ കിട്ടാത്തവ കേരളത്തിൽ നിന്ന് എത്തിച്ചു. സുഹൃത്തുക്കൾക്കു നൽകി ‘ടെസ്റ്റ്’ ചെയ്തപ്പോൾ മികച്ച അഭിപ്രായം. പരീക്ഷണം വീണ്ടും തുടർന്നാണു നിലവിലെ രുചിക്കൂട്ട് ഉറപ്പിച്ചത്. സർക്കാർ അനുമതികൾ നേടി ഡിസ്റ്റിലറി പാട്ടത്തിനെടുത്താണു നിർമാണം. 46 ശതമാനമാണ് ടൈകയിലെ ആൽക്കഹോൾ അളവ്.

ലോകോത്തര നിലവാരത്തിൽ ‘ടൈക നാടൻ ചാരായം’ ബ്രാൻഡ് ചെയ്യുകയാണു ലക്ഷ്യമെന്നു അജിത് പറഞ്ഞു. വ്യാപാര വിപുലീകരണത്തിന്റെ ഭാഗമായി ലിക്കർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാരിയോ (എൽസിബിഒ) സ്റ്റോറുകളിൽ ടൈക ലഭ്യമാക്കാനും കാനഡയിലെ റസ്റ്ററന്റുകളുമായി പങ്കാളിത്തം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേരളം ഉൾപ്പെടെയുള്ള വിപണികളിലേക്കു കയറ്റുമതിയും ലക്ഷ്യമാണ്. മുൻപ്, മന്ദാകിനി– മലബാർ വാറ്റ് എന്ന പേരിൽ കാനഡയിൽ ഇറക്കിയ മദ്യത്തിനു പിന്നിലും മലയാളികളായിരുന്നു.