കൂറ്റൻ മരം മഴയിൽ ഒടിഞ്ഞു വീണ് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്.

Idukki News

കൂറ്റൻ മരം മഴയിൽ ഒടിഞ്ഞു വീണ് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്.

കനത്ത മഴയിൽ മരം ഒടിഞ്ഞ് വീണ് സ്‌കൂൾ വിദ്യാർഥികൾ അടക്കം നാല് പേർക്ക് പരിക്ക്. വണ്ടിപ്പെരിയാറിൽ മഞ്ജുമല വില്ലേജ് ഓഫീസിന് സമീപം ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് കൂറ്റൻമരം ഒടിഞ്ഞു വീണത്. സ്‌കൂൾ വിട്ട് കുട്ടികൾ വരുന്ന സമയത്താണ് റോഡിലേക്ക് മരം പതിച്ചത്.മൂന്ന് വിദ്യാർഥികൾക്കും മറ്റൊരാൾക്കും അപകടത്തിൽ പരുക്കേറ്റു. പ്ലസ്‌ടു വിദ്യാർഥികളായ ഗോകുൽ ഹരി, ഹയസ് എന്നിവർക്കാണ് പരുക്കേറ്റത്. മറ്റൊരു ബൈക്ക് യാത്രികനും പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വണ്ടിപ്പെരിയാർ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് മരം ഒടിഞ്ഞു വീണത്. പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെയും ഗവ. യു.പി സ്‌കൂളിലെയും കുട്ടികൾ സ്‌കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അപകടമുണ്ടായത്.മരം വീണ് ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും തകർന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം പൂർണമായും തടസപ്പെട്ടു. പിന്നീട് നാട്ടുകാർ തന്നെയാണ് റോഡിലേക്ക് പതിച്ച  മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. പീരുമേട് ഫയർഫോഴ്സ്, വണ്ടിപ്പെരിയാർ പൊലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.