ജോലിക്കുള്ള കത്ത് നൽകാൻ പോസ്റ്റ് ഓഫീസ് താമസിച്ചു..യുവാവിന്റെ സർക്കാർ ജോലി നഷ്ടമായി..
idukki news
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുന്നതിൽ പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ച; സർക്കാർ ജോലി നഷ്ടമായെന്നാരോപിച്ച് പോസ്റ്റ് ഓഫിസ് പടിക്കൽ യുവാവ് ഭിക്ഷ യാചിച്ചു സമരം നടത്തി. കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയാംകുടി വട്ടക്കാട്ട് ലിന്റോ തോമസ് (30) ആണു വെള്ളയാംകുടി പോസ്റ്റ് ഓഫിസ് പടിക്കൽ സമരം നടത്തിയത്.
സർക്കാർ സ്‌കൂളിലെ അനധ്യാപക തസ്തികയിലേക്കുള്ള നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണു ലിന്റോയ്ക്ക് ഇന്റർവ്യൂ കാർഡ് തപാലിൽ അയച്ചത്. മാർച്ച് 18നു കത്ത് പോസ്റ്റ് ഓഫിസിൽ എത്തിയത്. 23ന് ആയിരുന്നു ഇന്റർവ്യൂ. എന്നാൽ, 10 ദിവസത്തിനുശേഷം 28ന് ആണു കത്ത് തനിക്കു ലഭിച്ചതെന്നു ലിന്റോ പറയുന്നു. മറ്റൊരാൾക്കു സ്‌കൂളിൽ നിയമനവും ലഭിച്ചു.
മുഖ്യമന്ത്രി, കലക്ടർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ലിന്റോ സമരത്തിനിറങ്ങിയത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ അഭിഭാഷകന്റെ സഹായം ലഭ്യമാക്കാമെന്നു പൊലീസ് അറിയിച്ചതോടെയാണ് ഇന്നലെ സമരം അവസാനിപ്പിച്ചത്.