മുരിക്കാശ്ശേരി കത്തികുത്ത് കേസിൽ പ്രതിയെ പിടികൂടി. മാങ്കുളത്തിന് സമീപത്തുനിന്നുമാണ് താഴെ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫിനെ മുരിക്കാശ്ശേരി പോലീസ് പിടികൂടിയത്. ഇന്ന് (ജൂൺ 22) രാവിലെയാണ് മുരിക്കാശ്ശേരിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ കത്തിക്കുത്ത് ഉണ്ടായത് . ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മാംസ്യം വിൽപ്പന നടത്തുന്ന അഷറഫ് മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയെ കുത്തി പരിക്കേൽപിക്കുകയായിരുന്നു.
ഫാമിലി റൂമിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചു എന്ന കാരണത്താൽ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തു.. ഇതേ തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. പിന്നീട് ഹോട്ടൽ ഉടമ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.ഭക്ഷണം കഴിച്ചിറങ്ങിയ അഷറഫ് ഇയാളുടെ കടയിൽ നിന്ന് കത്തി എടുത്തു കൊണ്ട് വരികയും ബാലമുരളിയും സുഹൃത്തുക്കളും പുറത്തിറങ്ങിയ സമയത്ത് ആക്രമിക്കുകയായിരുന്നു.തുടർന്ന് പ്രതി ഓടി രക്ഷപെട്ടു. ബാലമുരളിയെ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.