പാൻകാർഡും ആധാറും ഇനിയും ലിങ്ക് ചെയ്തില്ലേ ? ഇല്ലെങ്കിൽ ഏതൊക്കെ നടപടികൾ നേരിടണം ..വായിക്കാം
പാൻ കാർഡുകൾ വഴി ഇടപാടുകൾ കൂടുതൽ നിരീക്ഷിക്കുന്നതിന് ആദായ നികുതി വകുപ്പ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടു വരുന്നുണ്ട്. ഇത്തരത്തിലൊന്നാണ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുക എന്നത്. കൃത്യമായ ഓഡിറ്റ് ട്രയൽ നടക്കാത്തതിനാൽ സമ്പദ്‍വ്യവസ്ഥയിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്കുണ്ട്. ഇതിന് പരിഹാരമാകുന്നതിനാണ് പാൻ-ആധാർ ലിങ്ക് ചെയ്യൽ നിർബന്ധമാക്കുന്നത്.
ഇടപാടുകളുടെ ഓഡിറ്റ് ട്രയലുകൾ നടത്തുന്നതിന് പാൻ- ആധാർ ലിങ്കിംഗ് സർക്കാരിന് എളുപ്പമാക്കുന്നു. 2023 മാര്ച്ച് 31ന് ആണ് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി. ലിങ്ക് ചെയ്തില്ലെങ്കിലുള്ള നടപടികൾ അറിയാം.
പാൻ കാർഡ് & ആധാർ കാർഡ് ആദായനികുതി വകുപ്പ് വ്യക്തിഗത നികുതിദായകർക്ക് നൽകുന്നൊരു യുണീക് ടാക്സ് ഐഡന്റിഷിക്കേഷൻ (unique tax identification) നമ്പറാണ് പാൻ അഥവാ പെർമനന്റ് അക്കൗണ്ട് നമ്പർ. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വസ്തുവിൽ നിക്ഷേപിക്കുന്നതിനും ആഭരണങ്ങൾ വാങ്ങുന്നതിനും വായ്പയെടുക്കുന്നതിനും ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും തുടങ്ങിയ മിക്ക സാമ്പത്തിക ആവശ്യങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്. ഇന്ത്യൻ പൗരമാർക്കുള്ള തിരിച്ചറിയൽ കാർഡ്/നമ്പർ ആണ് ആധാർ കാർഡ്. ബയോമെട്രിക് രേഖകൾ ആധാർ കാർഡിൽ ഉൾകൊള്ളുന്നതിനാൽ കൂടുതൽ സുരക്ഷിതമായ വ്യക്തിഗത തിരിച്ചറിയൽ രേഖയായാണിത്.
ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ 2023 മാർച്ച് 31 എന്ന സമയം പരിധിക്കുള്ളിൽ ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും വരെ കാരണമാകും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. പാൻ പ്രവർത്തനരഹിതമായാൽ പാൻ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സാധിക്കില്ല. ആദായ നികുതി ആവശ്യങ്ങൾക്കായി ഉയർന്ന നികുതി നിരക്ക്, ഉയർന്ന ടിഡിഎസ് കളക്ഷൻ എന്നിവ നേരിടേണ്ടി വരും. ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ നിർബന്ധമായതിനാൽ ഇതിന് സാധിക്കില്ല. വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ പലിശയും പിഴയും പ്രോസിക്യൂഷനും വരെ നേരിടേണ്ടി വരും.
ഇതോടൊപ്പം പാൻ-ആധാർ പരസ്പരം മാറ്റി ഉപയോഗിക്കുന്നതിന് സാധിക്കാതെ വരും. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ആവശ്യ സ്ഥലത്ത് പാൻ നമ്പറോ ആധാർ നമ്പറോ ഏതെങ്കിലും ഒന്ന് നൽകിയാൽ മതിയാകും. ഇവ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, ഈ നമ്പരുകളുടെ കൈമാറ്റം അനുവദിക്കില്ല. സമയ പരിധിക്കകം ആധാറുമായി പാൻ ലിങ്ക് ചെയ്യാത്തതിന് പിഴ ഈടാക്കാം.
2022 മാര്ച്ച് 31-നോ അതിനുമുമ്പോ അവരുടെ ആധാറുമായി പാന്‍ ലിങ്ക് ചെയ്യണം എന്നായിരുന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്ഡിന്റെ നേരത്തെയുള്ള സർക്കുലർ. ഇതിന് ശേഷം മൂന്ന് മാസം 500 രൂപ പിഴ ഈടാക്കി പാൻ ആധാർ ലിങ്ക് ചെയ്യാൻ സൗകര്യമൊരുക്കു. ഇതിന് ശേഷം പിഴ ഈടാക്കുന്നത് 1000 രൂപയാക്കി. ഇനി ലിങ്ക് ചെയ്യുന്നവർ 1,000 രൂപ പിഴ നൽകണം. ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്തതിന് 10,000 രൂപ എന്നിങ്ങനെ പിഴ വരാം.